6-March-2023 -
By. news desk
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം സ്‌പ്രേചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും.വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുളള ഹെലികോപ്ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞു. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിംഗ് ഓപ്പറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപ്പറേഷന്‍ ഇന്നും തുടരും. കഴിഞ്ഞ നാലു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതിനായി ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാംപ് ചെയ്ത് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തും.വായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റില സ്‌റ്റേഷനില്‍ 146, എലൂര്‍ സ്‌റ്റേഷനില്‍ 92 മാണ് പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ തോത് കാണിക്കുന്നത്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജൈവ മാലിന്യം അമ്പലമേട്ടില്‍ സംസ്‌കരിക്കും
ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തി. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താല്‍ക്കാലികമായി സംസ്‌കരിക്കുക.ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍, കിന്‍ഫ്ര, ഫാക്ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക.ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ പ്രതിസന്ധി നേരിട്ടപ്പോള്‍ ഫാക്ടിന്റെ അമ്പലമേടുള്ള സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്. ഫാക്ട് ഈ സ്ഥലം പിന്നീട് കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു.